June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

തിരിച്ചു വരവു കാത്ത് ആലങ്ങാടൻ ശർക്കര

1 min read

ആലുവാക്കും പറവൂരിനും ഇടയ്ക്ക് കിടക്കുന്ന ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ആലങ്ങാട്. പുരാതനകാലത്ത് തന്നെ കരിമ്പ്കൃഷിക്കും ശർക്കരക്കും പേര് കേട്ട ദേശം. “ആലങ്ങാടൻ ശർക്കരയുണ്ടകൾ നാലെഞ്ചെണ്ണം കഴിച്ചീടുകിലതി കോലാഹലമായ്……” എന്നാണ് സാക്ഷാൽ കുഞ്ചൻനമ്പ്യാർ ചൊല്ലിയിട്ടുള്ളത്. കൊച്ചിരാജാവിന്റെ വകയായിരുന്ന ആലങ്ങാട് 1756 ൽ സാമൂതിരി പിടിച്ചെടുത്തു. 1762 ൽ തിരുവിതാംകൂർ യുദ്ധത്തിൽ സാമൂതിരിയെ തോല്പിച്ചു. തുടർന്ന് സ്വാതന്ത്ര്യം കിട്ടുന്നത്‌ വരെ ആലങ്ങാട് തിരുവിതാംകൂറിന്റെ കീഴിലായിരുന്നു. “ആലങ്ങാട് ചുനങ്ങാട് വള്ളുവനാട് തഥൈവ ച ഗുള തണ്ഡുല നാരീണാം…….” ബാക്കി ഓർമ്മ വരുന്നില്ല. ഞാൻ വളരെ മുൻപ് കേട്ടതാണ്. ആലങ്ങാട് ശർക്കരക്കും, ചുനങ്ങാട് അരിയ്ക്കും, വള്ളുവനാടൻ പെണ്ണിനും (സൗന്ദര്യത്തിൽ) ഗുണമേന്മ കൂടും എന്നാണ് ഈ വരികളുടെ അർത്ഥം.

ആലങ്ങാടൻ ശർക്കരയുണ്ടകൾ

Advertisements

ആലം എന്ന വാക്കിന് കരിമ്പ് (ശർക്കര) എന്ന അർത്ഥമാണ് ഉള്ളത്. ഈ പ്രദേശത്ത് പഴയ കാലത്ത് ധാരാളം കരിമ്പിൻ തോട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ആലങ്ങാടൻ ശർക്കര നാട്ടിനകത്തും പുറത്തും വളരെ പ്രശസ്തിയാർജിച്ച ഒന്നായിരുന്നു. ആലകളുടെ നാട് പിന്നീട് ആലങ്ങാടായി മാറിയതാണ്. ആലങ്ങാടിന്റെ ഭൂപ്രകൃതി അനുസരിച്ച് വളരെ വൈവിധ്യമുള്ള പ്രത്യേകമായിരുന്നു. ആലങ്ങാട് തമ്പുരാന്റെ കോട്ട ഇരുന്ന സ്ഥലം റോഡ് നിരപ്പിൽ നിന്നും ഏതാണ്ട് 15 അടിയോളം ഉയരത്തിലായിരുന്നു. അതിന്റെ ഉദ്ദേശം കോട്ടയിൽ നിന്നും നോക്കിയാൽ നാല് ഭാഗത്തേയും കാഴ്ചകൾ കാണാമായിരുന്നു. ഏതെങ്കിലും ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും.അതുപോലെ കോട്ടയുടെ പുറം ഭാഗം, കോട്ടപ്പുറം എന്നാണ് ഇന്നും അറിയപ്പെടുന്നത്. കൂടാതെ കോട്ടയുടെ വടക്ക് ഭാഗത്തുകൂടി പെരിയാറിന്റെ ഒരു കൈവഴി ഒഴുകുന്നുണ്ട്.

ശബരിമലയില്‍ ഭഗവാന് നിവേദിക്കുന്ന ആലങ്ങാട്ടു സംഘത്തിന്റെ പന്തിരുനാഴി മഹാനിവേദ്യ ത്തിന്റെ പ്രധാന ഘടകം ആലങ്ങാട്ടുകാരുടെ സ്വന്തം ശർക്കര ആണ് .ശര്‍ക്കര, നാളീകേരം എന്നിവ ആലങ്ങാട്ട് സംഘത്തില്‍ നിന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ അളന്നെടുക്കുന്ന ചടങ്ങിനു ശേഷം മാത്രം ആണ് ആലങ്ങാട്ടു സംഘത്തിന്റെ ഭഗവാനുള്ള നെയ്യഭിഷേകം നടക്കുകയുള്ളൂ .

Advertisements

ആലങ്ങാടൻ ശർക്കരയുണ്ടൾ നാലഞ്ചിങ്ങു വിളമ്പീടിൽ…” കുഞ്ചൻ നമ്പ്യാർ പാടിപുഴ്ത്തിയ ആലങ്ങാടിന്റെ മധുരമാഹാത്മ്യം കളമൊഴിഞ്ഞിട്ടു കാലങ്ങളായി. പതിറ്റാണ്ടുകൾക്കിപ്പുറം പ്രസിദ്ധമായ ആ ആലങ്ങാടൻ ശർക്കരയും ദേശീയ അംഗീകാരങ്ങൾ നേടിത്തന്ന കരിമ്പുകൃഷിയും തിരിച്ചു വരവിനുള്ള സാദ്ധ്യത തേടുകയാണിപ്പോൾ.ആലകളുടെ നാടെന്ന് ആലങ്ങാടിനു പേരു നൽകിയത് മൂന്നു പതിറ്റാണ്ടു മുൻപു വരെ ഇവിടെ സജീവമായിരുന്ന ശർക്കര നിർമാണ വ്യവസായമാണ്. പെരിയാർ തീരത്തെ വിശാലമായ എക്കൽ ഭൂമിയിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കരിമ്പായിരുന്നു ശർക്കര വ്യവസായത്തിന്റെ മൂലധനം. തീരപ്രദേശങ്ങളായ ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിൽ വ്യാപകമായി കരിമ്പു കൃഷി ചെയ്തിരുന്നു. ഈ മണ്ണിന്റെ സവിശേഷതകൊണ്ടുതന്നെ കരിമ്പിനും അതിൽ നിന്നുണ്ടാകുന്ന ആലങ്ങാടൻ ശർക്കരയ്ക്കും വേറിട്ട മധുരവും ഗുണവുമാണ്. കരിമ്പു കൃഷിക്ക് രാഷ്ട്രപതിയിൽ നിന്ന് സ്വർണ്ണപതക്കം ലഭിച്ച കൊച്ചു തരിയത് എന്ന വിതയത്തിൽ മാണി തരിയത് ഉൾപ്പെടെയുള്ള കർഷകരായിരുന്നു ശർക്കര നിർമാണവും നടത്തിയിരുന്നത്.
ആലങ്ങാട് മാത്രം 30ഓളം ആലകൾ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നു. നാൽപതോളം തൊഴിലാളികൾ ഒരു ആലയിൽ പണിയെടുത്തിരുന്നു. ദൂരദേശങ്ങളിൽ നിന്നുവരെ ആലങ്ങാടൻ ശർക്കര വാങ്ങാൻ കച്ചവടക്കാർ എത്തിയിരുന്നു. പറവൂർ, ആലുവ, കൊടുങ്ങല്ലൂർ ചന്തകളിൽ ആലങ്ങാടൻ ശർക്കര സുലഭമായിരുന്നു . കാലക്രമേണ തമിഴ്‌നാട്ടിൽ നിന്നുള്ള വില കുറഞ്ഞ ശർക്കര വിപണിയിൽ വ്യാപകമായതോടെ ആലങ്ങാടൻ ശർക്കരയുടെ പതനം ആരംഭിച്ചു. ആലങ്ങാടൻ ബ്രാൻഡിന്റെ പേരിൽവരെ മറുനാടൻ ശർക്കര വിൽപനയ്‌ക്കെത്തി. വിലയിടിവും ഉത്പാദന ചെലവും താങ്ങാനാകാതെ ഈ രംഗത്തുള്ളവർ ഒന്നൊന്നായി പിന്മാറി. ചിലവു കുറഞ്ഞ സാങ്കേതികത വിദ്യകൾ ഇല്ലാതിരുന്നതാണ് ശർക്കര നിർമാണത്തിന്റെ തകർച്ചയ്ക്കു കാരണം. ശർക്കര നിർമാണം നിലച്ചതോടെ കരിമ്പ് കൃഷി കർഷകർക്ക് ബാദ്ധ്യതയായി. ഇവർ മറ്റു കൃഷികളിലേക്ക് ചുവടുമാറ്റി. ഈ മേഖലയിൽ അവസാന സംരംഭകരിൽ ഒരാളാണ് വിതയത്തിൽ മാണി തരിയത്.

സർക്കാരിലാണ് പ്രതീക്ഷ

ഇക്കാലത്തായിരുന്നെങ്കിൽ ചുനങ്ങാട് അരിയും ആലങ്ങാടൻ ശർക്കരയും ഭൗമസൂചികാ പദവിയിൽ ഉൾപ്പെടുമായിരുന്നു. ഇപ്പോൾ പാലക്കാടൻ മട്ടഅരിയും മറയൂർ ശർക്കരയുമാണ് ഭൗമസൂചികാ പദവി പട്ടികയിലുള്ളത്. ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങൾക്ക് ആ പ്രദേശത്തിന്റെ പേരിൽ കൊടുക്കുന്ന താണ് ഭൗമസൂചികാ പദവി (Geographical Indications of Goods) ഈ പ്രാദേശിക ഉൽപ്പന്നം ബ്രാൻഡ് ചെയ്യുന്നതിനും വിൽക്കുന്നതിനും GI tag അനുവദിക്കും. ഭൗതിക സ്വത്തവകാശ നിയമപ്രകാരം ഈ ഉൽപ്പന്നത്തിന് അന്താരാഷ്ട്ര പരിഗണനയും സംരക്ഷണവും കൂടി ലഭിക്കും.


ആലങ്ങാടിന്റെ സ്വന്തം ബ്രാൻഡ് വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2013 ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി കരിമ്പ് കൃഷിക്കു തുടക്കമിട്ടിരുന്നു. കോട്ടപ്പുറത്ത് തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണത്തോടെ കരിമ്പു കൃഷി വിജയകരമായി നടത്തിയെങ്കിലും വിളവെടുത്ത കരിമ്പിന് വിപണി കണ്ടെത്താനാകാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും കരിമ്പിനും ശർക്കരയ്ക്കും ഇന്നും വളക്കൂറുള്ള മണ്ണിതെന്ന് പഴമക്കാർ പറയുന്നു. മൂല്യവർധിത ഉത്പന്ന സംരംഭങ്ങൾക്കുള്ള സർക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപനത്തിലാണ് ഇവരുടെ പ്രതീക്ഷ.

ഡോ. ജോസ് മാണി വിതയത്തിൽ

മാണി തരിയതിലിന്റെ മകൻ

ചിത്രങ്ങൾ – കേരളകൗമുദി

Leave a Reply