September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

പരമേശ്വരൻ നമ്പൂതിരിയുടെ ബഹുമാനാർത്ഥം ഡോക്യുമെന്ററി

1 min read

ചായങ്ങൾ ചാലിച്ച് ചിത്രംവരയ്‌ക്കുന്നതാണ് കലയുമായുള്ള പ്രാഥമിക പരിചയം. എങ്കിലും കഥാനായകൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ആണെന്ന് വന്നപ്പോൾ ചലിക്കുംക്യാമറ ഏന്താൻതന്നെ തീരുമാനിച്ചു ഗിരീശൻ ഭട്ടതിരിപ്പാട്. ഈയിടെ നവതി കഴിഞ്ഞൊരു വാദ്യപ്രയോക്താവിനെ കുറിച്ച് അങ്ങനെയാണ് ആദ്യമായൊരു ഡോക്യുമെന്ററി പിറക്കുന്നത്.

കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെപ്പറ്റിയുള്ള ഡോക്യൂമെന്ററി ‘അഭിവാദയേ’യുടെ പോസ്റ്റർ 

ഒരു മണിക്കൂർ ദൈർഘ്യമുള്ള ‘അഭിവാദയേ’ ഇക്കഴിഞ്ഞ സന്ധ്യയ്‌ക്ക്‌ യൂട്യൂബിൽ പുറത്തിറങ്ങി. വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ എന്ന സാംസ്കാരിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് ജൂലൈ 24-ന് സാമൂഹിക മാദ്ധ്യമത്തിലേക്ക് ഈ സിനിമയുടെ പ്രവേശം. കൊച്ചി ആസ്ഥാനമാക്കിയ സംഘടനയുടെ പിൻബലം ഈ മട്ടിൽ നിരൂപിച്ചായിരുന്നില്ല 2018-ൽ കൊങ്ങോർപ്പിള്ളിയെ കുറിച്ചൊരു പദ്ധതി എന്ന ആശയവുമായി മദ്ധ്യകേരളത്തിലെ ഒരുപറ്റം സഹൃദയർ ഇറങ്ങിത്തിരിച്ചത്.

Advertisements
കൊങ്ങോർപ്പിള്ളിയും കുടുംബവും ഡോക്യൂമെന്ററിയുടെ സൃഷ്ടാക്കളോടൊപ്പം 

പ്രായം 90 അടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ മൃദംഗവിദ്വാനെ രേഖപ്പെടുത്തുക എന്നതേ അന്നേരം അടിസ്ഥാന ലക്ഷ്യമായി ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ കലാവിചാരങ്ങളുടെയും നാദപ്രയോഗങ്ങളുടെയും ശുദ്ധ ഡോക്യുമെന്റേഷൻ മാത്രമായിരുന്നു തുടക്കത്തിൽ ഉദ്ദേശ്യം. കൊങ്ങോർപ്പിള്ളിയുടെ തറവാട് ഗുരുവായൂരിനടുത്ത് കോട്ടപ്പടി. അവിടെനിന്ന് വടക്കോട്ട് പത്തുകിലോമീറ്റർ തികച്ചുവേണ്ട ഗിരീശന്റെ പുന്നയൂർകുളത്തെത്താൻ. പ്രാദേശികവും കുടുംബപരവും ആയുള്ള അടുപ്പം ഒരുവശം, അതിലുപരി പരമേശ്വരൻ നമ്പൂതിരി കർണാടകസംഗീതത്തിന്റെ ലയപദ്ധതിയിലേയ്‌ക്ക്‌ നൽകിയ മേന്മകളെ സംബന്ധിച്ച് കുട്ടിയിലേ കേട്ടറിവുണ്ടായിരുന്നു ഗിരീശനും പരിചയക്കാർക്കും.

ഗിരീശന്റെ അടുത്ത സുഹൃത്ത് സനോജ് പൂങ്ങോട് വാദ്യക്കാരനാണ്. കൊങ്ങോർപ്പിള്ളി ഗുരുവായുള്ള സനോജ് മൃദംഗം പഠിപ്പിക്കുന്നുമുണ്ട് ഗിരീശന്റെ മകൻ ശ്രീഹരി ഭട്ടതിരിപ്പാടിനെ. ക്യാൻവാസും ബ്രഷും ഒഴിഞ്ഞുള്ള നേരങ്ങളിൽ ഗിരീശൻ ഇടയ്‌ക്കൊക്കെ സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ മുഴുകാറുണ്ട്. ദൃശ്യങ്ങളുടെ ചട്ടക്കൂടിനെയും നിറക്കൂട്ടുകളെയും കുറിച്ച് ആവിധം നേടിയ ധാരണയുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു വല്യച്ഛനായ കൊങ്ങോർപ്പിള്ളിയെ കുറിച്ചൊരു ദൃശ്യാനുഭവം എന്ന വിചാരം സനോജ് 2018-ൽ മുന്നോട്ടുവച്ചത്. ഗിരീശൻ സമ്മതിച്ചു.

Advertisements

ഈ മേഖലയിൽ സംവിധായകനായി ഗിരീശന്റെ കന്നിയജ്ഞമാണ് ‘അഭിവാദയേ’. “അപ്പോഴും ആദ്യമാദ്യം ഇങ്ങനെ വിപുലമായ പദ്ധതിക്ക് ആയിരുന്നില്ല ഒരുമ്പാട്. മൃദംഗവാദനത്തെയും സ്വജീവിതത്തെയും കുറിച്ച് കൊങ്ങോർപ്പിള്ളിക്ക് ചിലത് പറയാനുണ്ട്. അതൊക്കെ വീഡിയോക്യാമറയിൽ മുറിക്കകത്തിരുന്ന് മൂന്നാലു ദിവസങ്ങളായി എടുക്കാം,” എന്നേ വിചാരിച്ചുള്ളൂ. ഇന്നേയ്‌ക്ക്‌ മൂന്ന് വർഷംമുമ്പ് അങ്ങനെ തുടങ്ങിയ സംരംഭത്തിന്റെ മട്ട് പൊടുന്നനെ മാറി. വിഷയത്തിന്റെ ബാഹുല്യംകൊണ്ടും കഥാനായകന്റെ അനുഭവസമ്പത്തുകൊണ്ടും ഡോക്യുമെന്ററിയിൽ കുറഞ്ഞൊരു അടയാളം അന്യായമായിരിക്കും എന്ന് തോന്നിയായിരുന്നു കാര്യങ്ങൾ പുതിയൊരു ദിശയിലേക്ക് നീങ്ങിയത്. ഗിരീശനെ തിരക്കഥ എഴുതാൻ പ്രേരിപ്പിച്ചതും മറ്റൊന്നല്ല.

‘അഭിവാദയേ’ ഡോക്യുമെന്ററി ഡയറക്ടർ ഗിരീശൻ ഭട്ടതിരിപ്പാട് കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയോടൊപ്പം 

ചെമ്പൈയുടെ വലംകൈ

ആകാശവാണിയുടെ തൃശൂര് നിലയത്തിൽ 1973 തുടങ്ങി ഒന്നരവ്യാഴവട്ടം ഉദ്യോഗത്തിലിരുന്ന കൊങ്ങോർപ്പിള്ളി തുടർന്നും കാൽനൂറ്റാണ്ടിലധികം ആ പട്ടണത്തിൽത്തന്നെ ജീവിച്ചു. ഗിരീശനും സംഘവും ഡോക്യുമെന്ററി എടുക്കാനായി തീരുമാനിച്ച കാലമായപ്പോഴേയ്‌ക്കും കാരണവർ താമസം മകൾക്കൊപ്പം കിഴക്കൻ പാലക്കാട്ടെ പറളിയിൽ ആയിരുന്നു.

കൊങ്ങോർപ്പിള്ളയും മകൾ പ്രൊഫ. കെ.പി പാർവ്വതിയും 

ഭാരതപ്പുഴ ശൈശവം പിന്നിടുന്ന ആ സ്ഥലം സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന് വടക്കുപടിഞ്ഞാറ് 70 കിലോമീറ്റർ അകലെയാണെങ്കിലും ഒരർത്ഥത്തിൽ സ്വന്തംമേഖലയുമായി കൂടുതൽ അടുപ്പം പുലർത്തുന്നതാണ്.

അതിനു കാരണം കൊങ്ങോർപ്പിള്ളിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായുണ്ടായിട്ടുള്ള അടുത്തബന്ധമാണ്. കർണാടക സംഗീതജ്ഞന്റെ കോട്ടായി എന്ന ഗ്രാമം പറളിക്ക് അഞ്ചുനാഴികമാത്രം തെക്കാണ്. പുകഴ്‌പെറ്റ വായ്‌പ്പാട്ടുകാരൻ (1896-1974) മേടയിൽ വിളങ്ങിയ അവസാനത്തെ രണ്ടുദശാബ്ദത്തിൽ പലയിടത്തും പക്കമായി പരമേശ്വരൻ നമ്പൂതിരി ആയിരുന്നു. ഭാഗവതർക്ക് അത്രമാത്രം ബോദ്ധ്യവും ഇഷ്ടവും ആയിരുന്നു തന്നെക്കാൾ 35 വയസ്സ് ഇളപ്പമുള്ള യുവാവിനെ. ചെമ്പൈയുമായി കച്ചേരികൾക്ക് കറങ്ങാത്ത ഇടങ്ങൾ കുറയും ദക്ഷിണേന്ത്യയിൽ.

ഇക്കാര്യം ‘അഭിവാദയേ’ തികഞ്ഞ ഫോക്കസ്സിൽ കൊണ്ടുവരുന്നുണ്ട്. കോട്ടായിയിൽ ചെമ്പൈസ്വാമിയുടെ സ്ഥിരമമ്പലത്തിൽ തൊഴുതശേഷം ഭാഗവതരുടെ മഠത്തിൽ കയറുമ്പോൾ ആട്ടുകട്ടിൽ അങ്ങോട്ടിങ്ങോട്ട് ചലിക്കുന്നുണ്ട്. തുടർന്നത് നിശ്ചലമാവുന്നത് ചെമ്പൈയുടെ അന്ത്യത്തെ സൂചിപ്പിക്കുന്നു.

മുമ്പ്, കൊങ്ങോർപ്പിള്ളിക്ക് പ്രായം മദ്ധ്യയിരുപതുകളിൽ ഉള്ളപ്പോൾ പൂമുള്ളി മനയ്‌ക്കൽ ആറുമണിക്കൂർ നീണ്ട ചെമ്പൈക്കച്ചേരിക്ക് മൃദംഗം വായിച്ചിട്ടുണ്ട് കൊങ്ങോർപ്പിള്ളി. ഭാഗവതർക്ക് പയ്യൻ ആദ്യമായി പക്കക്കാരനായത് പട്ടാമ്പിക്ക് തെക്കുള്ള ആ ജന്മിഗൃഹത്തിലായിരുന്നു. അവിടെ ചെമ്പൈ പറഞ്ഞ് വരുത്തിച്ചതായിരുന്നു മൃദംഗം പഠിപ്പിക്കാൻ കൊടുന്തരപ്പുള്ളി മഹാദേവയ്യർ എന്ന പെരിയവിദ്വാനെ. ഇടക്കാലത്ത് ശബ്ദംപോയി ചികിത്സയ്‌ക്കായി പൂമുള്ളിയിൽ കഴിഞ്ഞിരുന്ന കാലത്ത് സഹായിയായി ഉണ്ടായിരുന്നു അക്കാലത്തവിടെ തമ്പടിച്ചിരുന്ന പരമേശ്വരൻ നമ്പൂതിരി.

തമിഴകത്തുനിന്ന് എത്തിയ മഹാദേവയ്യർക്ക് മുമ്പ് കൊങ്ങോർപ്പിള്ളിയെ മൃദംഗം അഭ്യസിപ്പിച്ചിരുന്നു മൂന്ന് വിദ്വാന്മാർ: എരനെല്ലൂർ നാരായണപ്പിഷാരടി, മൂത്തിരിങ്ങോട് നാരായണൻ നമ്പൂതിരിപ്പാട്, പാലക്കാട് അപ്പു അയ്യർ. അതിനുമുമ്പ് അദ്ദേഹം വായ്പാട്ട് പഠിച്ചിരുന്നു. തലപ്പിള്ളിയിലെ പ്രധാനി മണക്കുളം മുകുന്ദ രാജാവിന്റെ നിർദ്ദേശപ്രകാരം സരോജിനി നേത്യാരമ്മയായിരുന്നു സപ്തസ്വരം ഉറപ്പിച്ചത്. പാട്ടിൽനിന്ന് വൈകാതെ കൊട്ടിലേക്ക് തിരിഞ്ഞപ്പോഴും കൊങ്ങോർപ്പിള്ളി സംഗീതം തീരെ ഉപേക്ഷിച്ചില്ല.

പൂമുള്ളിയിൽ കൗമാരത്തിൽ എത്തിപ്പെട്ട മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്ന പിൽക്കാല കഥകളിഗായകൻ തുടങ്ങി പതിറ്റാണ്ടുകൾക്ക് ഇപ്പുറം തൃശൂരുകാലത്ത് കീർത്തനങ്ങൾ പഠിപ്പിച്ച ക്ലാസ്സിക്കൽ സംഗീതജ്ഞൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവർ തെളിവ്. ഇന്നത്തെ ഒന്നാംനിര കഥകളിഗായകൻ കലാമണ്ഡലം ബാബു നമ്പൂതിരിയുടെ അമ്മാവനാണ് കൊങ്ങോർപ്പിള്ളി. മൃദംഗവാദകന്റെ അനിയൻ, അന്തരിച്ച കൊങ്ങോർപ്പിള്ളി ശങ്കരനാരായണൻ (അഥവാ കെ.പി.എസ്.), കലാമണ്ഡലം നീലകണ്ഠൻ നമ്പീശനു കീഴിൽ അരങ്ങുപാട്ട് അഭ്യസിച്ചിട്ടുണ്ട്.

കഥകളിസംഗീതത്തോട് കൊങ്ങോർപ്പിള്ളിക്കുള്ള താത്പര്യം അതിലെ ഗായകർ തൃശൂരെ ആകാശവാണിയിൽ റെക്കോർഡിങിന് വരുമ്പോഴുള്ള വരവേൽപ്പുസ്മൃതികളിൽ വ്യക്തം. നമ്പൂതിരിമാരുടെ പാനേംകളി എന്ന വിനോദകലയുമായി അടുത്തിഴപഴകിയിട്ടുണ്ട്. കോട്ടപ്പടിയിലെയും അകലെയല്ലാത്ത കുന്നംകുളത്തെയും സ്‌കൂളുകളിൽ പഠിച്ചതിനുമുമ്പ് പരമേശ്വരൻ നമ്പൂതിരിക്ക് തൃശൂരെ ബ്രഹ്മസ്വം മഠത്തിൽ വേദംചൊല്ലിയുള്ള വിദ്യാർത്ഥിപരിചയവും ഉണ്ടായിരുന്നു.

അതേ പട്ടണത്തിൽ പിന്നീട് റേഡിയോ നിലയാംഗം ആയി വർത്തിക്കുമ്പോൾ അദ്ദേഹം അവിടെ തിരുവമ്പാടി ക്ഷേത്രത്തിൽ സംഗീതോത്സവത്തിന് തുടക്കമിട്ടു. ചെമ്പൈസ്മൃതിയിൽ ഗുരുവായൂരെ ഏകാദശിയുത്സവം സംഘമായുള്ള പഞ്ചരത്ന കീർത്തനാലാപനത്തോടെ വിപുലപ്പെടുത്തിയതു കൂടാതെയുള്ള കർമ്മം. നല്ലചെറുപ്പത്തിൽ ഏഴുതവണ നിലാവാഭ്യാസം നടത്തിയിട്ടുണ്ട് – ചന്ദ്രന്റെ ഉദയാസ്തമന നാഴികകൾക്കൊപ്പം 28 രാവുകൾ നീളുന്ന ക്രമം അദ്ദേഹത്തിന്റെ താളവിന്യാസത്തിന് ശക്തികൂട്ടി.

കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയോടൊപ്പം ശിഷ്യരായ തൃശൂർ സി.നരേന്ദ്രൻ, സനോജ് പൂങ്ങോട്, നവീൻ മുല്ലമംഗലം 

ഇപ്പറയുന്ന സംഭവങ്ങളുടെ സ്ഥലികൾ മിക്കവയും ‘അഭിവാദയേ’യിൽ ലൊക്കേഷനാണ്. പാലക്കാടിന് 15 കിലോമീറ്റർ തെക്ക് പെരുവെമ്പ് എന്ന മൃദംഗനിർമാണകേന്ദ്രം ചിത്രത്തിന്റെ ആരംഭത്തിൽ കാണുന്നതു തുടങ്ങി. കല്പാത്തി എൽ.വി. കൃഷ്ണൻ എന്ന മുതിർന്ന വാദകൻ തുടങ്ങി കൊങ്ങോർപ്പിള്ളിയുടെ നേർശിഷ്യരിൽ പ്രമുഖനായ തൃശൂർ സി. നരേന്ദ്രനും പിന്നീടുള്ള തലമുറയിലെ സനോജ് പൂങ്ങോടും നവീൻ മുല്ലമംഗലവും വരെ നീളുന്ന വലിയൊരു നിരയുണ്ട് ഈ ഡോക്യുമെന്ററിയിൽ ഉടനീളം. മക്കളായ ബാബു പരമേശ്വരൻ എന്ന അമേരിക്കവാസിയും പറളിയിൽ ഉള്ള കോളേജ് അദ്ധ്യാപിക കെ.പി. പാർവ്വതിയും അവരുടെ കുടുംബങ്ങളും മറ്റ് ബന്ധുമിത്രാദികളും. മാസങ്ങൾ ഇടവിട്ടുള്ള വേളകൾക്കിടെ കോവിഡ് തരംഗങ്ങൾ വൈകിപ്പിച്ചതിനൊടുവിൽ സാക്ഷാത്കരിച്ചതാണ് ‘അഭിവാദയേ’. ക്യാമറയിൽ ഗിരീഷിനെ സഹായിച്ച ജോബി കവലക്കാട്ട് ചിത്രസംയോജനവും നിർവ്വഹിച്ചു.

കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയോടൊപ്പം മകൻ ബാബു പരമേശ്വരനും ഭാര്യയും

പ്രിയവും പെരുമയും

ശിഷ്യർ പണച്ചെലവ് വഹിച്ചുള്ള ചലച്ചിത്രത്തിന് വെളിയിലുമുണ്ട് കൊങ്ങോർപ്പിള്ളിയെ കുറിച്ച് പലർക്കും ആവേശത്തോടെ പറയാൻ.

“നിറഞ്ഞ വിദ്വാൻ” എന്ന് മൃദംഗചക്രവർത്തി ഗുരുവായൂർ ദൊരൈ. “പാട്ടും താളവും ഒരേസമയം സ്വാധീനമുള്ള വ്യക്തി.”

ദൊരൈ, 86, താമസിക്കുന്ന മദ്രാസിൽ പരമേശ്വരൻ നമ്പൂതിരി ഉണ്ടായിരുന്ന കാലത്തെ പാട്ടുശിഷ്യൻ എൻ. വിജയ് ശിവ ഓർക്കുന്നു: വളരെയധികം ക്ഷമയുള്ള പ്രകൃതമാണ്. കുട്ടികളോട് ഇടപഴകുന്ന വിധം മാതൃകാപരം. കർണാടക സംഗീതത്തിലേയ്‌ക്ക്‌ മഹത്തായ സംഭാവന.

വിദ്യാർത്ഥികളിൽ അച്ചടക്കബോധവും സ്ഥിരോത്സാഹവും ഉണ്ടാക്കാൻ പ്രാപ്തൻ എന്ന് തൃശൂരെ സാംസ്കാരിക സംഘാടകൻ അജിത് കുമാർ രാജ. വേണ്ടിടത്ത് കർക്കശക്കാരൻ ആവാനും സാധിക്കും, എന്ന് ശക്തൻ തമ്പുരാൻ കോളേജിലെ ഈ പ്രിൻസിപ്പൽ.

കഥകളികലാകാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയെ കുട്ടിക്കാലത്ത് പാട്ടുപാടിപ്പിച്ചിട്ടുണ്ട് കൊങ്ങോർപ്പിള്ളി. “അദ്ദേഹത്തിന്റെ മകളെ വഴിയേ വേഷം അഭ്യസിപ്പിക്കാൻ എനിക്കുമുണ്ടായി യോഗം.”

തൃശൂര് പാട്ടു പഠിപ്പിച്ച രണ്ടുവർഷക്കാലം ബഹുമാനത്തോടെ ഓർക്കുന്നു ശ്രീവൽസൻ ജെ. മേനോൻ. പട്ടണത്തിലെ തിരുവമ്പാടി സംഗീതോത്സവത്തിന് ഘടം വായിച്ചുള്ള വാഴപ്പിള്ളി കൃഷ്ണകുമാറിനും ബഹുമാനം. “നമ്മുടെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം തുറന്നു പറയും.”

“എനിക്ക് കച്ചേരിക്ക് പക്കം വായിച്ചിട്ടുണ്ട്,” എന്ന് അഭിമാനാദരത്തോടെ യുവസംഗീതജ്ഞൻ നെടുമ്പിള്ളി രാംമോഹൻ.

‘അഭിവാദയേ’ പ്രിവ്യൂ കണ്ടപ്പോൾ ഗിരീശനോടുള്ള വലിയ സന്തോഷം അറിയിച്ചു കൊങ്ങോർപ്പിള്ളി. ഇക്കഴിഞ്ഞ മേടത്തിലായിരുന്നു തൊണ്ണൂറ് തികഞ്ഞത്. മറുകുറിയായി അമ്പതുവയസ്സുകാരൻ സംവിധായകൻ പറഞ്ഞു: “എന്റേതിനേക്കാൾ… സത്യത്തിൽ അങ്ങയുടെ ശിഷ്യരുടെ ദക്ഷിണയാണ് ഈ ചിത്രം.”

കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെ കുറിച്ചുള്ള ‘അഭിവാദയേ’ ഡോക്യുമെന്ററി – Link

കടപ്പാട് – അഭിവാദയേ കൊങ്ങോർപ്പിള്ളി