September 20, 2022

ALANGAD NEWS

ALANGAD VARTHAKAL

കൊങ്ങോർപ്പിളളി – ചില ഓർമ്മ കുറിപ്പുകൾ

1 min read

കൊങ്ങോർപ്പിളളിയെ തെയ്യത്തിങ്ങ എന്ന് മാത്രമാണ് പണ്ട് പറഞ്ഞിരുന്നത്.

തെയ്യത്തിങ്ങ എന്നാൽ ജംഗ്ഷനിലെ പഴയ കെട്ടിടവും അതിലെ മൂലന്റെ മില്ലും, ഇന്നും സ്ഥാനചലനം വന്നിട്ടില്ലാത്ത കപ്പലണ്ടി കച്ചവടക്കാരന്റെ ഉന്തുവണ്ടിയും അതിനു തൊട്ടപ്പുറത്തെ പഴയ ചായക്കടയും ആശാന്റെ സ്റ്റേഷനറിക്കടയും പിന്നെ പഴയ മീൻ മാർക്കറ്റും അതിനുള്ളിലെ ഇടഞ്ഞുതൂങ്ങാറായ കെട്ടിടത്തിലെ സൈക്കിൾ ഷോപ്പും പലചരക്ക് കടയും തൊട്ടപ്പുറം പഴയ കെട്ടിടത്തിലെ ഹോമിയോ ഡിസ്പൻസറിയും, മുകളിലെ മരമച്ചിൽ പ്രവർത്തിച്ചിരുന്ന ഐക്യകേരള വായനശാലയും റോഡിന് എതിർവശത്തായി ഒരു പച്ചക്കറിക്കടയും…

Advertisements

ഇങ്ങനെ ചില ചിത്രങ്ങളാണ് ഓർമ്മയിൽ തെളിയുന്നത്.

പഴയ മാർക്കറ്റ് ഇപ്പോഴത്തെ റേഷൻകടയുടെയും തണ്ണിക്കോടന്റെ സൂപ്പർമാർക്കറ്റിന്റയും ഒക്കെ പരിസരത്തായിരുന്നു എന്നാണ് ഓർമ്മ.

Advertisements

മഴ വന്നാൽ കുഴഞ്ഞ് ചെളിയാകുന്ന വെറും മണ്ണിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചായിരുന്നു മീൻ കച്ചവടം.

പിന്നെ കപ്പ കച്ചവടം നടത്തുന്ന ഒരു ചേട്ടനും ചേടത്തിയും…

കുറച്ച് കിഴക്ക് മാറി വലിയ വളവിന് സമീപം വെളിച്ചെണ്ണ ആട്ടുന്ന ഒരു ചക്കും ഓർമ്മയിലുണ്ട്…

കാളയെ കെട്ടിയും ചിലപ്പോൾ പകരത്തിന് ആൾ തന്നെ നിന്നും വട്ടം കറങ്ങിയാണ് ആ ചക്ക് പ്രവർത്തിപ്പിച്ചിരുന്നത്.

മാറ്റത്തിന്റെ കാര്യത്തിൽ കൊങ്ങോർപ്പിളളി വരാപ്പുഴയെയും പിന്നിലാക്കി എന്ന് വേണമെങ്കിൽ പറയാം.

മൂപ്പൻ ടവറിൽ നിന്നു തുടങ്ങിയ പുതിയ വ്യാപാര സമുച്ചയങ്ങൾ ടൗണിന്റെ മുഖഭാവം തന്നെ മാറ്റിയെടുത്തു.

ഒടുവിൽ, തെയ്യത്തിങ്ങയുടെ തിരുശേഷിപ്പായി ജംഗ്ഷനിൽ ഉണ്ടായിരുന്ന പഴയ കെട്ടിടത്തിന്റെ അവസാന ഭാഗവും ഓർമ്മയാവുകയാണ്…

കടപ്പാട് – James Thannikkappilly