September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

വിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുന്നതിൽ കേരളം ഒന്നാമത്

1 min read

രാജ്യത്ത് വിരലടയാളങ്ങൾ ഉപയോഗിച്ചു കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്തുന്ന കാര്യങ്ങളിൽ കേരളം അമേരിക്കയോട് കിടപിടിക്കുന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നു . നാഷനൽ ഫിംഗർപ്രിന്റ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2020ൽ 657 കേസുകളിലാണു പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന വിരലടയാള ബ്യൂറോ പൊലീസിനു സഹായമായത്. കർണാടകയും (517) ആന്ധ്രപ്രദേശുമാണ് (412) രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ (ക്രൈം സീൻ) നിന്ന് ഏറ്റവും കൂടുതൽ വിരലടയാളങ്ങൾ ശേഖരിച്ചു ചാൻസ് പ്രിന്റ് (പ്രതിയെന്നു സംശയിക്കാവുന്നവരുടെ വിരലടയാളം) തയാറാക്കിയതിന്റെ എണ്ണത്തിൽ കേരളം ആന്ധ്രപ്രദേശിനു (9397 പ്രിന്റ്) പിന്നിൽ രണ്ടാം സ്ഥാനത്താണ് – 8807 പ്രിന്റ്.കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎൻ‍എസ് വിക്രാന്തിലെ മോഷണം, അങ്കമാലിയിൽ മോഷണശ്രമത്തിനിടയിൽ കടയ്ക്കുള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കീഴിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിരലടയാളങ്ങൾ ഏകോപിപ്പിക്കുന്ന നാഷനൽ ഓട്ടമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം (നാഫിസ്) കൊച്ചി സിറ്റി പരിധിയിൽ മാത്രമേ പ്രവർത്തന സജ്ജമായിട്ടുള്ളൂ. നാഫിസ് ഉപയോഗിച്ചു സംസ്ഥാനത്തു വിവിധ കേസുകളിലായി ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള 7 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാഫിസ് ഏർപ്പെടുത്താനുള്ള ശ്രമം കോവിഡ് കാരണം തടസ്സപ്പെട്ടിരുന്നു. എല്ലാ ജില്ലകളിലും നാഫിസ് സംവിധാനം ഏർപ്പെടുത്തുന്നതോടെ ഇതരസംസ്ഥാനക്കാരായ പ്രതികളെ തിരിച്ചറിയുന്നതു കൂടുതൽ എളുപ്പമാകും. പ്രഗത്ഭരായ ഉദ്യോഗസ്ഥർ ഉള്ളത് നമ്മുടെ സംസ്ഥാനത്തിന് അഭിമാനം വർധിപ്പിക്കുന്നു