September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

പെരിയാറില്‍ വീണ യുവതിയെ രക്ഷിച്ചു

1 min read

ബൈക്കില്‍ നിന്ന് തെറിച്ച് പെരിയാറില്‍ വീണ യുവതിയെ രക്ഷിച്ചു. ഒളനാട് കോയിക്കര വീട്ടില്‍ ഡാലിയേലിന്റെ മകളും അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥിനിയുമായ ദിവ്യയെയാണ് നാട്ടുകാര്‍ രക്ഷിച്ചത്‌.പിതൃസഹോദരന്‍ ടോണിയോടൊപ്പം വ്യാഴാഴ്ച ഉച്ചയോടെ ബൈക്കില്‍ വീട്ടിലേയ്ക്കുപോകാന്‍ വരാപ്പുഴ പാലത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് എത്തിയപ്പോഴാണ് എതിരെവന്ന കാര്‍ ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ ദിവ്യ തെറിച്ച് പെരിയാറിലേയ്ക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ടോണി നോക്കുമ്പോള്‍ വെള്ളത്തില്‍ നിന്ന് കുമിളകള്‍ ഉയരുന്നതാണ് കണ്ടത്. ഈ സമയം വരാപ്പുഴ പാലത്തിനു സമീപം ചൂണ്ടയിടുകയായിരുന്ന ഡില്‍സണ്‍ ദിവ്യയെ രക്ഷിക്കാന്‍ പുഴയിലേയ്ക്ക് ചാടുകയായിരുന്നു. മുങ്ങിത്താഴുകയായിരുന്ന ദിവ്യ പ്രാണഭയത്തോടെ ഡില്‍സനെ പിടിച്ചതോടെ ഇരുവരും ഒഴുക്കില്‍പെടുകയാണുണ്ടായത്.അപ്പോഴാണ് സമീപവാസിയായ ജോയി എന്നയാള്‍ വള്ളത്തിലെത്തി ഇരുവരെയും രക്ഷിച്ചത്. ഇടിയുടെ അഘാതത്തില്‍ വലതുകാല്‍ ഒടിഞ്ഞ ദിവ്യയെ അമൃത ആശുപത്രിയില്‍ എത്തിച്ചു. ദിവ്യയുടെ തലയ്ക്ക് പരിക്കുണ്ടെങ്കിലും സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോ പാലത്തില്‍ നിന്നു വീണുവെന്ന് മകള്‍ റിന്റു നിലവിളിച്ച് പറഞ്ഞതുകേട്ട് ജോയി വള്ളത്തില്‍ കുതിച്ചെത്തുകയായിരുന്നു.