September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ആലങ്ങാട് മറ്റൊരു കുട്ടനാടോ ?

1 min read

ന്യൂനമർദത്തെ തുടർന്നുള്ള കാറ്റും മഴയും ശക്തിപ്രാപിച്ചതോടെ പള്ളത്താംകുളങ്ങരയിൽ ആൽമരം വീണ് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ചെ വൈപ്പിൻ – പള്ളിപ്പുറം സംസ്ഥാനപാതയോരത്ത് കുഴുപ്പിള്ളി ബ്രാലകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലെ ആൽമരമാണ് റോഡിലേക്ക് വീണത്. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഈ ഭാഗത്ത് വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുലർച്ചെ കടന്നുപോകുന്ന ബസുകളും മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളും പെട്ടുപോയി.
നേരംപുലർന്ന് ഫയർഫോഴ്‌സ് എത്തി മരങ്ങൾ വെട്ടിമാറ്റിയശേഷമാണ് ഗതാഗത തടസ്സം നീങ്ങിയത്. കനത്തമഴയെത്തുടർന്ന് എടവനക്കാട് അണിയലിലെ നാലുസെൻറ് കോളനി പൂർണമായും വെള്ളക്കെട്ടിലായി. സംസ്ഥാനപാതയോരത്തെ കാനകൾ പലയിടത്തും അടഞ്ഞുകിടന്നതുമൂലം റോഡ്‌സൈഡിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും വളപ്പുകൾ മഴവെള്ളത്തിൽ മുങ്ങി. കിഴക്കും പടിഞ്ഞാറുമുള്ള താഴ്ന്നപ്രദേശങ്ങളും മഴവെള്ളത്തിനടിയിലാണ്. തോടുകളും ചെമ്മീൻകെട്ടുകളും നിറഞ്ഞുകവിഞ്ഞതോടെ ഇവിടെ പറമ്പുകളിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെവന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എടവനക്കാട് സെയ്‌ന്റ് അംബ്രോസ് പള്ളിക്ക് കിഴക്ക് 20-ഓളം വീടുകൾ വെള്ളത്തിലായി. ഇവിടെയുള്ള ഇടത്തോടുകളും കാനകളും മണ്ണുവീണ് മൂടിയതാണ് ഇതിന് കാരണം. മഴക്കാല പൂർവ ശുചീകരണം പലഭാഗങ്ങളിലും പൂർണമായി നടന്നിട്ടില്ല. വെള്ളക്കെട്ടുമൂലം സെപ്റ്റിക് ടാങ്കുകളിൽ നിന്ന് മാലിന്യം പരക്കുകയും ചെയ്തതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് ഇവിടത്തുകാർ.
റോഡരികിലുള്ള കാനകളിൽ തോടുമായി ബന്ധപ്പെടാത്ത സ്ഥലമായതുകൊണ്ട് കാനയിലെ മാലിന്യവും വീട്ടുമുറ്റത്തെത്തിയതോടെ സ്ഥിതി ദുസ്സഹമായി. താമരവട്ടം കോളനിയും ലൈഫ് പദ്ധതിപ്രകാരം വീടുപണിയുന്നവരുടെ സിമന്റും നിർമാണസാമഗ്രികളും വെള്ളത്തിലായി. ചെറായി ദേവസ്വംനടയിൽ കാനകൾ നിറഞ്ഞ് കടകളിലേക്ക് വെള്ളംകയറി.

കനത്തമഴയിൽ ആലങ്ങാട് കുന്നേൽപ്പള്ളി-കൊടുവഴങ്ങ റോഡ് തകർന്നു. സംരക്ഷണഭിത്തി ചരിഞ്ഞ് റോഡ് ഇടിഞ്ഞുതാഴ്ന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു. തിരുവാല്ലൂർ കുന്നേൽപ്പള്ളി പ്രദേശത്തു നിന്നും കൊടുവഴങ്ങയിലേക്ക് പോകുന്നതിനുള്ള പ്രധാന മാർഗമാണ് ഈ റോഡ്. എഴുവച്ചിറ പാടത്തിനും കല്ലുപാലം എഴുവച്ചിറ തോടിനോടും ചേർന്നുപോകുന്ന ഈ റോഡ്, ആറുവർഷം മുമ്പ് ഇതുപോലെ ഇടിഞ്ഞുപോയിരുന്നു. പിന്നീട് രണ്ടുവർഷം മുമ്പ് ഇവിടത്തെ കലുങ്ക് പുതുക്കിപ്പണിതു. ഇപ്പോൾ കലുങ്കിന്റെ അപ്രോച്ച് റോഡായി പണിതഭാഗമാണ് തകർന്നിരിക്കുന്നത്. സംരക്ഷണത്തിനായി നിർമിച്ച കോൺക്രീറ്റ് ഭിത്തി ചരിഞ്ഞ അവസ്ഥയിലായി. റോഡിലെ മണ്ണ് ഒരുഭാഗം ഇടിഞ്ഞുതാഴുകയും ചെയ്തു. കലുങ്കും അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുമായി കമ്പിയിട്ട് ബന്ധിപ്പിക്കാതെ നിർമാണം നടത്തിയതാണ് ഇത്രവേഗം റോഡ് ഇടിയാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് എത്രയും വേഗം പുനർനിർമിക്കണമെന്നും നിർമാണത്തിൽ അപാകം നടത്തിയവർക്കെതിരെ നടപടി വേണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. പലയിടത്തും മരംവീണത് വൈദ്യുതി ലൈനിലേക്ക്. ഇതുമൂലം മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. കനത്ത മഴയിലും വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ച രാത്രി കോതാട് കോരമ്പാടത്ത് വൈദ്യുതിലൈനിലേക്ക് ആൽമരം വീണു.റോഡിന് കുറുകേവീണ മരം ഫയർഫോഴ്‌സ് എത്തിയാണ് വെട്ടിമാറ്റിയത്. പൊട്ടിവീണ ലൈൻ മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ഒളനാട് കോൺവെന്റിന് സമീപം പ്ലാവ് വൈദ്യുതിലൈനിലേക്ക് വീണു. തൊണ്ടിക്കുളം ഉൾപ്പെടെയുള്ള ഭാഗത്ത് വൈദ്യുതി തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ വൈദ്യുതിലൈനിലേക്ക് ഒടിഞ്ഞുവീണതിനാൽ രാത്രിയിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു.
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾവീണ് പറവൂർ മേഖലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. നഗരസഭാ ഒന്നാംവാർഡ് വൃന്ദാവൻ ബസ് സ്റ്റോപ്പിനുസമീപം പി.ഡബ്ല്യു.ഡി. പുറമ്പോക്ക് ഭൂമിയിൽനിന്ന മരംമറിഞ്ഞ് റോഡിന്റെ എതിർവശത്ത് താമസിക്കുന്ന ആലപ്പാട്ട് വർഗീസിന്റെ വീടിന്റെ ഗേറ്റിന്റെ മേൽക്കൂരയിലേക്ക് വീണു. മേൽക്കൂരയ്ക്ക് നാശനഷ്മുണ്ടായി. ഈ പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. റോഡിന് കുറുകെയാണ് മരം വീണത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ നാലരയ്ക്കാണ് സംഭവം. അതുകൊണ്ടുതന്നെ വൻദുരന്തം ഒഴിവായി. ഉടനെ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർ ലൈജി ബിജു എന്നിവർ സ്ഥലത്തെത്തി. ഫയർഫോഴ്‌സ്, പോലീസ്, കെ.എസ്.ഇ.ബി. എൻജിനീയർ ആശ എന്നിവരും സ്ഥലത്തെത്തി മരം നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകി. പി.ഡബ്ല്യു.ഡി. പുറമ്പോക്ക് ഭൂമിയിലെ മരങ്ങളുടെ ശിഖരങ്ങൾ പ്രദേശത്തെ ഒട്ടേറെ വീടുകളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്നുണ്ട്. റോഡിനോടുചേർന്ന് നിൽക്കുന്ന പല മരങ്ങളും ഏതു സമയത്തും എതിർവശത്തുള്ള വീടുകൾക്ക് മുകളിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്.കഴിഞ്ഞവർഷം മഴക്കാലം ശക്തമാകുന്നതിനുമുമ്പേ നഗരസഭയിൽനിന്ന് രേഖാമൂലം പി.ഡബ്ല്യു.ഡി. ഓഫീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയുണ്ടായില്ല.പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ കാട്ടിയ അനാസ്ഥയാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും നാശനഷ്ടങ്ങളുടെ തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും വാർഡ് കൗൺസിലർ ജോബി പഞ്ഞിക്കാരൻ പറഞ്ഞു. ചിറ്റാറ്റുകര പഞ്ചായത്ത് ഏഴാം വാർഡ് താന്നിപ്പാടത്ത് കളപ്പുരയ്ക്കൽ കെ.കെ. സുലോചനയുടെ വീടിനുമുകളിലും മരം വീണു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു.കാലംതെറ്റിയെത്തിയ കനത്ത മഴ കരുമാല്ലൂരിലെ കർഷകരെ കടുത്ത ദുരിതത്തിലാക്കി. കൊയ്തെടുക്കാൻകഴിയാതെ നെല്ല് വെള്ളത്തിലടിഞ്ഞു. കൊയ്തെടുത്തവ ശേഖരിച്ചുവയ്ക്കാൻപോലും ഇടമില്ലാതെ എന്തുചെയ്യുമെന്ന അവസ്ഥയിലായിരിക്കുകയാണ് കർഷകർ. മേയ്‌ മാസം ആദ്യം കൊയ്തെടുക്കാമെന്ന കണക്കൂകൂട്ടലിലാണ് കർഷകർ ഇത്തവണ ഇവിടെ കൃഷിയിറക്കിയത്. അപ്പോഴേക്കും വേനൽമഴ ഏതാനും ദിവസത്തേക്ക് ഉണ്ടാകാറുണ്ട്. അത് കൃഷിയെ സാരമായി ബാധിക്കാറില്ല. എന്നാൽ, ഇത്തവണ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. ജൂണിൽ പെയ്യുന്നപോലെ മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്ര ദുരിതം കർഷകർക്ക് വിതച്ചിരിക്കുന്നത്. പലരും മഴമാറിയശേഷം കൊയ്തെടുക്കാമെന്നുള്ള കണക്കുകൂട്ടലിൽ പാടത്തുതന്നെ ഇട്ടിരിക്കുകയാണ്.ചിലർ കൊയ്തെടുത്തു. അതെല്ലാം പാടത്തുവച്ചുതന്നെ സപ്ലൈകോ നിർദേശിക്കുന്ന മില്ലുടമകളെത്തി ശേഖരിക്കാറാണ് പതിവ്. എന്നാൽ, ഇത്തവണ മില്ലുകൾ സംഭരണം തുടങ്ങിയിട്ടുമില്ല. അതുകൊണ്ട് നെല്ലെല്ലാം വണ്ടിയിൽ കയറ്റി പലയിടങ്ങളിലായി കൊണ്ടുവയ്ക്കേണ്ട ചെലവും കർഷകർക്കുണ്ടായിരിക്കുകയാണ്. മഴയായതിനാൽ കൊയ്തുവെച്ചത് ഉണക്കിയെടുക്കാനുള്ള സൗകര്യവുമില്ലാതെ ഏതാനും കർഷകർ ബുദ്ധിമുട്ടുന്നുമുണ്ട്. മുറിയാക്കൽ കലുങ്ക്‌ നിർമാണവും തിരിച്ചടിയായികരുമാല്ലൂർ : മനയ്ക്കപ്പടി-മുറിയാക്കൽ റോഡിൽ നടക്കുന്ന കലുങ്ക് നിർമാണം വൈകിയതും വെള്ളക്കെട്ടിന് കാരണമായി. മുറിയാക്കൽ തോട്ടിലേക്കുള്ള വെള്ളമൊഴുക്ക് അടച്ചുകെട്ടിക്കൊണ്ടാണ് കലുങ്കു നിർമാണം നടത്തുന്നത്. മഴയ്ക്കുമുമ്പേ ഇത് പൂർത്തിയാക്കി കെട്ട് പൊട്ടിച്ചുവിടുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, കരാറുകാരൻ പണി വൈകിച്ചു. കലുങ്കു നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതുമൂലം പ്രദേശത്തെല്ലാം വെളളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. കരുമാല്ലൂർ പാടശേഖരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടന്ന് നെൽകൃഷിക്ക് നാശമുണ്ടാക്കിയിട്ടുണ്ട്.

Advertisements

ഒറ്റ മഴ പെയ്താൽ പോലും ഇപ്പോൾ 2018 ലെ നടുക്കുന്ന ഓർമകളിലേക്ക് ഇപ്പോൾ ആലങ്ങാടുകാരുടെ മനസ്സ് പായുകയാണ് . ആലങ്ങാട് മറ്റൊരു കുട്ടനാട് ആവുകയാണോ ?

സമാനതകളില്ലാത്ത ദുരന്തം വിതച്ച ഒരു പ്രളയത്തെ അതിജീവിച്ചു കഴിഞ്ഞവർ ആണ് നാം എല്ലാവരും. ഇത്തരം ഒരു പ്രളയം നമ്മുടെ ദേശത്തെ ഏറ്റവും പ്രായം ചെന്നവരുടെ ഓർമയിൽ പോലുമില്ല .പറവൂർ താലൂക്കിലെ 90% ശതമാനം ഇടങ്ങളും പ്രളയമുണ്ടാക്കിയ നാശ നഷ്ടങ്ങൾ അനുഭവിച്ചു കഴിഞ്ഞു . കോട്ടപ്പുറം കുന്ന് ,കുന്നേൽപള്ളി , കാരുക്കുന്ന് എന്നിവിടങ്ങളിലെ ഉയർന്ന സ്ഥലങ്ങൾ ഒഴിച്ചു നിർത്തിയാൽ ആലങ്ങാട് കരുമാലൂർ മേഖലകൾ ഏതാണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.
എല്ലാവരും ജാതി മത ഭേദമേന്യേ വർണ്ണ വർഗ്ഗരാഷ്ട്രീയ സംഘടനാ വ്യത്യാസമില്ലാതെ ,പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഒറ്റക്കെട്ടായ് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും ഏർപ്പെട്ടതിനാൽ പ്രളയജലത്തെ അതിജീവിക്കാനായി .പ്രളയം ഏറ്റവും അധികം നാശം വിതച്ച ആലങ്ങാട് കരുമാലൂർ മേഖലകളിൽ ഇത്തരം എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം വഹിക്കുന്നതിനും കൈമെയ് മറന്ന് പ്രവർത്തിയ്ക്കുന്നതിനും നാട്ടിലെ ചെറുപ്പക്കാർ മുൻപന്തിയിലെന്നത് ഈ അവസരത്തിൽ നാടിനു അഭിമാനിക്കാൻ ഇട നൽകുന്നതാണ്.
രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും ക്യാമ്പ് വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കുകയും ചെയ്ത എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ,സർക്കാർ സംവിധാനങ്ങൾക്കും ,ക്യാമ്പ് കോർഡിനേറ്റർമാർക്കും ,ജനപ്രതിനിധികൾക്കും , സന്നദ്ധ സംഘടനകൾക്കും സർവ്വോപരി എല്ലാവർക്കും നന്ദി അർഹിക്കുന്നു. കൂടാതെ ക്യാമ്പിനു ശേഷം കെട്ടിടങ്ങളും പരിസരവും വൃത്തിയാക്കി അദ്ധ്യയനത്തിനു സജ്ജമാക്കി ത്തന്നവരുടെ സേവനത്തിനും ഈ അവസരത്തിൽ നന്ദി പറഞ്ഞുകൊള്ളുന്നു.
പ്രളയദിനങ്ങളെ കരുത്തോടെ ഒരുമയോടെ അതിജീവിച്ചെങ്കിലും അതുണ്ടാക്കിയ നഷ്ടങ്ങൾ തിട്ടപ്പെടുത്താവുന്നതിനപ്പുറമാണ്.
ജീവനം നഷ്ടപ്പെട്ടവരാണ് . അവരുടെ വസ്ത്രം, ഗൃഹോപകരണങ്ങൾ, പഠനോപകരണങ്ങൾ ,കുടുംബത്തിന്റെ ജീവനോപാധികൾ തുടങ്ങി സർവ്വവും നഷ്ടപ്പെട്ടിട്ടുള്ളതായാണ് പ്രാഥമിക കണക്ക്. വീടുകൾ പൂർണ്ണമായി തകർന്നവരും ഇക്കൂട്ടത്തിലുണ്ട്. ഒരു ആയുഷു് കാലത്തെ സമ്പാദ്യം മുഴുവൻ ഒരു സുപ്രഭാതത്തിൽ നശിച്ച ഈ കുടുംബങ്ങളെ ആത്മവിശ്വാസത്തോടു കൂടി കൈപിടിച്ചുയർത്തേണ്ടത് നമ്മുടെ ,സമൂഹത്തിന്റെ കടമയാണ്. പ്രളയത്തെ അതിജീവിച്ച പോലെ ഏക മനസ്സോടെ നമുക്ക് സന്തോഷത്തിന്റെ തിരി തെളിയിക്കാം.

Advertisements