September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

കടുങ്ങല്ലൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ്നു പറയാനുള്ളത്

1 min read

കൃഷിയും വ്യവസായവും യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ ഒരു തുലാസിൽ കൊണ്ടുപോകുന്ന പെരിയാറിന്റെ തീരത്തുള്ള ഗ്രാമമാണ് കടുങ്ങല്ലൂർ. വ്യവസായമേഖലയുടെ വരവോടെ അതിഥിതൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ആകർഷിക്കുന്ന ഇടമായി കടുങ്ങല്ലൂർ മാറി. ജനസാന്ദ്രത ഏറെയുള്ള പഞ്ചായത്തിലെ പുതിയ ഭരണസമിതിക്ക് കോവിഡ് പ്രതിരോധം വെല്ലുവിളിയായിയിരുന്നു. പ്രതിസന്ധികളെ സമചിത്തതയോടെ നേരിടാം എന്നുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഉറച്ച തീരുമാനം പ്രവർത്തനങ്ങൾ സു​ഗമമാക്കിയെന്ന് പറയുകയാണ് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ.

കോവിഡ് പ്രതിരോധം

Advertisements

കോവിഡി​ന്റെ മൂന്ന് ഘട്ടങ്ങളിലായി പഞ്ചായത്തിൽ 6,881 പേർക്ക് രോഗം പിടിപെട്ടു. 91 പേർ മരിച്ചെങ്കിലും മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചു. പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാക്കി. ഒറ്റപ്പെട്ട് കഴിയുന്നവർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും രോഗബാധിതർക്കും പടിഞ്ഞാറേ കടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ വഴി ഭക്ഷണപ്പൊതികൾ വീട്ടിലെത്തിച്ചു. നാല് തവണ ഹോമിയോ പ്രതിരോധ മരുന്നുകൾ ഓരോ വാർഡിലും വിതരണം ചെയ്തു. വാക്‌സിനേഷനായി 10 ലക്ഷം രൂപ അനുവദിച്ചു.

ആംബുലൻസുകൾ രണ്ടെണ്ണം

Advertisements

കോവിഡ് രണ്ടാം ഘട്ടത്തിലെ പ്രതിസന്ധികൾ കണക്കിലെടുത്ത് രണ്ട് ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി. ബിനാനിപുരം സുദ്കെമി കമ്പനി പഞ്ചായത്തിനായി ഒരു ആംബുലൻസ് വിട്ടുനൽകിയിരുന്നു. കോവിഡ് ബാധിതർ വർധിച്ച സാഹചര്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ അഞ്ച് ആംബുലൻസുകളുടെ സേവനവും ലഭ്യമാക്കി. ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും തുക ലഭ്യമാക്കി. രണ്ട് ആംബുലൻസുകൾ കൂടി ലഭ്യമാക്കും. നിർധനരോഗികൾക്ക് മരുന്ന് വിതരണത്തിനായി 3.5 ലക്ഷം രൂപ വകയിരുത്തി.

ശ്മശാനം സൗജന്യമാക്കി

കടുങ്ങല്ലൂരിൽ കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിന് പൊതുശ്മശാനം സൗജന്യമാക്കി. മറ്റൊരു ക്രിമിറ്റോറിയം കൂടി സ്ഥാപിക്കാൻ പഞ്ചായത്തിൽ നിന്ന് 23 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്തിൽ നിന്ന് 27 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലുള്ളവർക്കും സേവനം ലഭ്യമാകും.
ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്നത് കടുങ്ങല്ലൂർ പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യമാണ്. കുടുംബാരോഗ്യകേന്ദ്രത്തിൽ കോവിഡാനന്തര ചികിത്സാകേന്ദ്രവും, പനി ക്ലിനികും തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരഭിച്ചിട്ടുണ്ട്. ഇതിനായി സെൻട്രൽ വെയർ ഹൗസിം​ഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ലഭ്യമാക്കി.

വിദ്യാഭ്യാസ വിപ്ലവം

പഞ്ചായത്തിലെ നാല് സർക്കാർ സ്കൂളുകളിൽ മൂന്ന് ഹൈസ്‌കൂളുകളും 2021ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. ഹയർസെക്കൻഡറിയും മിന്നുന്ന വിജയത്തിളക്കത്തിലാണ്. പഞ്ചായത്തിലെ നിർധനരായ നൂറിൽപരം വിദൃാർത്ഥികൾക്ക് സ്മാർട്ട്ഫോണുകളും, പട്ടികജാതി വിഭാഗക്കാരായ 20 കുട്ടികൾക്ക് ലാപ്പ്‌ടോപ്പുകളും വിതരണം ചെയ്തു. വിദ്യാഭ്യാസം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൂന്ന് അങ്കണവാടികൾക്കും ലൈബ്രറിക്കും നാല് സ്മാർട്ട് ടി.വി.കളും വിതരണം ചെയ്തു.
ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കുന്നതിനായി പഞ്ചായത്ത് കിഴക്കേ കടുങ്ങല്ലൂർ എൽ.പി.സ്‌കൂളിൽ ഡിജിറ്റൽ ക്ലാസ് സ്റ്റുഡിയോ പ്ലാറ്റ്‌ഫോം ഒരുക്കി. 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ് കടുങ്ങല്ലൂർ. പി.എസ്.സി സൗജന്യ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

മാലിന്യ നിർമാർജനത്തിലും മുൻപന്തിയിൽ

മാലിന്യ നിർമാർജനത്തിന് പദ്ധതി തയ്യാറാക്കി 42 അംഗ ഹരിതകർമസേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യപടിയായി അജൈവമാലിന്യങ്ങളുടെ സംസ്‌കരണമാണ് ഏറ്റെടുത്തിട്ടുള്ളത്. 21 വാർഡുകളിലും ഹരിത കർമസേനാംഗങ്ങളുണ്ട്. ഓരോ പ്രദേശത്തും റോഡരികിൽ PWD സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന മാലിന്യം ജൈവളമാക്കി മാറ്റി കർഷകർക്ക് നൽകുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

തൂവെളിച്ചം നിലാവ് പരത്തും

കടുങ്ങല്ലൂർ പഞ്ചായത്തിലും ‘നിലാവ്’ പദ്ധതി നടപ്പാക്കുകയാണ്. നിലവിൽ പഞ്ചായത്തിൽ 3,740 തെരുവുവിളക്കുകളാണുള്ളത്. ഇതിൽ ഏറെ പഴക്കം ചെന്ന ലൈറ്റുകൾ മാറ്റി 2,500 എൽ.ഇ.ഡി ബൾബുകൾ കൂടി സ്ഥാപിക്കും. പഞ്ചായത്ത് കിഫ്ബി വായ്പയായി 77 ലക്ഷം രൂപ ലഭ്യമാക്കി പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ നെൽകൃഷി ആരംഭിച്ചു

പഞ്ചായത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി തരിശുകിടക്കുന്ന ആയിരത്തോളം ഏക്കർ പാടശേഖരങ്ങളിൽ ഘട്ടംഘട്ടമായി കൃഷിയിറക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദ്യപടിയായി എടയാറ്റുചാൽ, പടിഞ്ഞാറേ കടുങ്ങല്ലൂർ മുണ്ടോപ്പാടം, കിഴക്കേ കടുങ്ങല്ലൂർ കടുങ്ങുചാൽ, ഏലപ്പാടം, മുണ്ടക്കാലി, കാച്ചപിള്ളി ചാൽ തുടങ്ങിയ പാടശേഖരങ്ങളിലെ 450 ഏക്കർ സ്ഥലത്ത് ഈ വർഷം നെൽകൃഷി ആരംഭിച്ചു.

സാമൂഹികവിരുദ്ധർ കുടുങ്ങും

ഓഞ്ഞിത്തോട് പാലമുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് റസിഡൻസ് അസോസിയേഷനും പോലീസുമായി സഹകരിച്ച് ക്യാമറകളും മോണിട്ടറുകളും സ്ഥാപിക്കും .ഇതിനായി 15 ലക്ഷം രൂപയുടെ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്.

എല്ലാവർക്കും സൗജന്യ കുടിവെള്ള കണക്ഷൻ

ജല ജീവൻ മിഷന്റെ സഹകരണത്തോടെ പഞ്ചായത്ത് മുഴുവൻ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകാൻ 70 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ 11,200 കുടുബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകും.

ഓഞ്ഞിത്തോട് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കും

കടുങ്ങല്ലൂർ,ആലങ്ങാട് ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന പെരി‌യാറിന്റെ കൈവഴിയായ ഓഞ്ഞിത്തോട് മൂന്ന് പതിറ്റാണ്ടിലേറെയായി നിശ്ചലമായി കിടക്കുകയാണ്. പറവൂർ താലൂക്ക് റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ കയ്യേറ്റങ്ങൾ അളന്ന് രേഖപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചുവരുന്നു. ഇതിനായി ഏഴ് ലക്ഷം രൂപ വകയിരുത്തി. സ്ഥലം എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയിലുൾപ്പെടുത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുണ്ട്.

കടുങ്ങല്ലൂർ പഞ്ചായത്ത് ആഫീസ് ആധുനിക നിർമിതികളോടെ കൂടുതൽ മനോഹരമാക്കും. 1.36 കോടി രൂപ ചെലവഴിച്ച് സൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെ 173 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കമ്മൃുണിറ്റി ഹാളിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.