September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ആറ്റിപ്പുഴക്കാവിന് ആര് പുതു ജീവൻ നൽകും

1 min read

മുടങ്ങിപ്പോയ ആറ്റിപ്പുഴക്കാവിന്റെ ഇക്കോ ടൂറിസം സ്വപ്നങ്ങൾക്ക് ആരു ജീവൻ നൽകും? ആ ചോദ്യത്തിനപ്പുറം പ്രളയത്തിൽ തകർന്ന ദ്വീപിന്റെ മറുമുഖവുമുണ്ട് ഒരുവശത്ത്. പെരിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ആറ്റിപ്പുഴക്കാവ് തുരുത്തിന്റെ മനോഹാരിതയാൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയുമായാണു 4 വർഷം മുൻപു ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡിടിപിസി) കരുമാലൂർ പഞ്ചായത്തും രംഗത്തുവന്നത്. തുടർന്ന് അധികൃതർ ദ്വീപു സന്ദർശിക്കുകയും 2017 ൽ പദ്ധതിക്കുള്ള ഒരുക്കം പൂർത്തിയാക്കിയതുമാണ്. എന്നാൽ ഇടിത്തീപോലെ പ്രളയം വന്നതോടെ ഇക്കോ ടൂറിസമെന്ന ദ്വീപിന്റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞു.

പ്രളയത്തിനുശേഷം ഒറ്റപ്പെട്ടു കിടക്കുന്ന ഈ പച്ചത്തുരുത്തിനെ ആർക്കും വേണ്ടാതായി. ആലുവ പരുന്തുറാഞ്ചി മണപ്പുറവും മുസിരിസ് പദ്ധതിയും കുട്ടിവനവും ഈ തുരുത്തിൽ നിന്ന് അധികം ദൂരത്തല്ലാത്തതിനാൽ ഇതെല്ലാം ഉൾപ്പെടുത്തിയുള്ള പദ്ധതിയാണു വിഭാവനം ചെയ്തത്. എന്നാൽ പ്രളയത്തെത്തുടർന്നു തുരുത്തിൽ ചെളിയും മാലിന്യവും അടിഞ്ഞതോടെ പദ്ധതി മുടങ്ങി. മുൻ കലക്ടറും ടൂറിസം വകുപ്പ് അധികൃതരും പലതവണ ദ്വീപു സന്ദർശിച്ചു തയാറാക്കിയ പദ്ധതിയാണ് ഇതോടെ പാതിവഴിയിൽ മുടങ്ങിയത്.

Advertisements
ആറ്റിപ്പുഴക്കാവ് തുരുത്തിന്റെ 2016 ലെ ചിത്രം

ആറ്റിപ്പുഴക്കാവിന്റെ പ്രത്യേകത

പുഴയും പച്ചപുതച്ചു കിടക്കുന്ന ചെറുകാടുകളും കൈകോർത്തു കിടക്കുന്ന പ്രകൃതിമനോഹരമായ തുരുത്താണ് ആറ്റിപ്പുഴ. അപൂർവയിനം പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. കൃഷിക്ക് അനുയോജ്യമായ മണ്ണായതിനാൽ വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളാലും സസ്യങ്ങളാലും സമ്പുഷ്ടമാണിവിടം. മഞ്ഞ മുളകളുടെ കൂട്ടം ഈ തുരുത്തിന്റെ ആകർഷണമാണ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ ഒട്ടേറെ പക്ഷികളും പതിവുവിരുന്നുകാരായെത്തുന്നു. കൂടാതെ വിവിധയിനം സസ്യങ്ങളാൽ സമ്പുഷ്ടവുമാണ്.  ചുറ്റും പരന്നെഴുക്കുന്ന പെരിയാറിൽ തോണി തുഴഞ്ഞു മീൻ പിടിക്കുന്നവരും കായലിൽ നീന്തിത്തിമിർക്കുന്ന താറാവു കൂട്ടങ്ങളും പക്ഷിക്കൂട്ടങ്ങളും ആറ്റിപ്പുഴത്തുരുത്തിന്റെ കാഴ്ചകളാണ്. വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ടു തുരുത്തിലെത്താൻ തോണികളും ബോട്ടുകളുമാണ് ഏക ആശ്രയം. എക്കൽ അടിഞ്ഞു രൂപപ്പെട്ട ഈ തുരുത്തിന് ഏകദേശം ആറേക്കറോളം വിസ്തൃതിയും ഒരു കിലോമീറ്ററോളം നീളവുമുണ്ട്.

Advertisements

ദ്വീപിലേക്കുള്ള വഴി 

ആലുവ മംഗലപ്പുഴ പാലത്തിൽനിന്നു 2 കിലോമീറ്റർ അകലെ കരുമാലൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തടിക്കക്കടവിനു സമീപമാണ് ഈ തുരുത്ത്. ആലുവ– പറവൂർ പ്രധാന പാതയിലെ മാളികംപീടിക കവലയിലെത്തിയാൽ, അവിടെ നിന്നു തടിക്കക്കടവ് പാലത്തിനു സമീപത്തേക്കു 4 കിലോമീറ്റർ.   തുടർന്ന് അവിടെനിന്നു വഞ്ചിയിൽ 1.3 കിലോമീറ്റർ യാത്ര ചെയ്താൽ ദ്വീപിലെത്താം. അങ്കമാലി, ആലുവ, പറവൂർ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്ന് എളുപ്പത്തിൽ ഇവിടെയെത്താം എന്നതും തുരുത്തിന്റെ പ്രത്യേകത.

ഇക്കോ ടൂറിസം പദ്ധതി നടപ്പായാൽ

പദ്ധതി നടപ്പായാൽ നാട് എല്ലാ തരത്തിലും വികസിക്കും. ജനങ്ങൾക്കും പഞ്ചായത്തിനും വരുമാനമാർഗമുണ്ടാകും. കൂടുതൽ തൊഴിൽ സാധ്യതകൾക്കു വഴി തെളിയും. കുട്ടികളുടെ പാർക്ക്, ഹൗസ് ബോട്ട് സർവീസുകൾ, നീന്തൽപരിശീലന കേന്ദ്രം എന്നിവയ്ക്കു സാധ്യത കൂടുതലാണ്. കൂടാതെ മത്സ്യകൃഷിക്കും സാധ്യതകളുണ്ട്.