September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ബസ് സർവീസുകൾ ആരംഭിച്ചിട്ടില്ല

1 min read

പ്രഖ്യാപനം നടത്തി 4 മാസം പിന്നിട്ടിട്ടും കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചില്ല. യാത്രാക്ലേശം രൂക്ഷമായതോടെ പ്രതിഷേധവുമായി ജനങ്ങൾ. മാഞ്ഞാലിയിൽ നിന്ന് അടുവാശേരി– തടിക്കക്കടവ്– യുസി കോളജ്– കടുങ്ങല്ലൂർ വഴി മെഡിക്കൽ കോളജിലേക്കും മാഞ്ഞാലിയിൽ നിന്നു തടിക്കക്കടവ്–മാളികംപീടിക–പാനായിക്കുളം– എടയാർ വഴി മെഡിക്കൽ കോളജിലേക്കും പുതുതായി 2 കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കുമെന്നാണു മന്ത്രി പി.രാജീവ് അറിയിച്ചിരുന്നത്. കൂടാതെ കോവിഡിനെ തുടർന്നു നിർത്തി വച്ചിരുന്ന വെളിയത്തുനാട്, പന്തിരിക്കൽ, കണക്കൻകടവ്, വരാപ്പുഴ എന്നീ സർവീസുകളും ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരി 8 നു കളമശേരിയിൽ വച്ചു മന്ത്രി ആന്റണി രാജു പുതിയ സർവീസുകൾ ആരംഭിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. എന്നാൽ നാളിതുവരെയായിട്ടും പുതുതായി പ്രഖ്യാപിച്ച 2 റൂട്ടുകളിലും കോവിഡിനെ തുടർന്നു നിർത്തിവച്ചിരുന്ന റൂട്ടിലും കെഎസ്ആർടിസി സർവീസ് ആരംഭിച്ചിട്ടില്ല. പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. വിദ്യാർഥികളും ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി. കൂടുതൽ തുക മുടക്കി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നു യാത്രക്കാർ പറഞ്ഞു. അതിനാൽ എത്രയും വേഗം പ്രശ്നത്തിനു പരിഹാരം കാണണമെന്നാണു ജനങ്ങളുടെ ആവശ്യം.

Advertisements