September 24, 2022

ALANGAD NEWS

ALANGAD VARTHAKAL

കോട്ടുവള്ളിയിൽ അമ്മയും മകനും ഉൾപ്പെടെ അഞ്ചു പേരെ തെരുവ് നായ കൂട്ടം കടിച്ചു കുടഞ്ഞു

1 min read

കോട്ടുവള്ളി പഞ്ചായത്തിൽ അമ്മയും മകനും ഉൾപ്പെടെ അഞ്ച‌ു പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിച്ച തെരുവുനായക്കു പേ ബാധയുണ്ടെന്നു സംശയം. കടിയേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഇന്നലെ രാവിലെയാണ് സംഭവം.പതിനേഴാം വാർഡിലെ നിവാസിയായ കുന്നത്ത് വീട്ടിൽ ബിന്ദുവും 10 വയസ്സുള്ള മകൻ ആൽവിനും വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി നായ് ആക്രമിച്ചത്. മകനെ നായ് ആക്രമിക്കുന്നതു കണ്ട് രക്ഷപ്പെടുത്താൻ‌ ഓടി ചെന്നപ്പോഴാണ് ബിന്ദുവിനും കടിയേറ്റത്. സമീപത്തു തന്നെയുള്ള എഴുപതുകാരൻ ലോലപ്പൻ, ഫ്രാൻസിസ് എന്നിവരെയും മറ്റൊരു വീട്ടിൽ ജോലിക്കു നിർത്തിയിരുന്ന അതിഥിത്തൊഴിലാളിയെയും നായ കടിച്ചു.

പട്ടിയുടെ കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പട്ടിയെ കെട്ടിയിടാൻ അതിഥി തൊഴിലാളിക്കു കഴിഞ്ഞതോടെയാണ് ആശങ്ക അകന്നത്. പേ ബാധയുണ്ടെന്നു സംശയിക്കുന്ന നായയുടെ കൂടെ ചെറിയ ഒരു നായ്ക്കുട്ടി കൂടി ഉണ്ടായിരുന്നു. കടിയേറ്റവരെ പറവൂർ താലൂക്ക് ആശുപത്രിയിലും, കളമശ്ശേരി മെഡിക്കൽ കോളജിലുമാണ് ചികിത്സയ്ക്കു കൊണ്ടുപോയത്.കഴിഞ്ഞ കുറെ നാളുകളിലായി കോട്ടുവള്ളി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. വീടുകളിൽ വളർത്തുന്ന കോഴി, താറാവ്, ആട്, പശു തുടങ്ങിയവയെ നായ്ക്കൾ കടിച്ചു കൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Advertisements

നായ്ക്കൂട്ടം പെറ്റുപെരുകുന്നത് നിയന്ത്രിക്കാൻ സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. അലഞ്ഞു തിരിയുന്ന നായ്ക്കൾക്കു പേ ബാധയുണ്ടെന്നു സംശയവും ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. കടിയേറ്റവർക്കു അർഹമായ ചികിത്സ സഹായം നൽകണമെന്നും പേപ്പട്ടി ഭീഷണിയിൽ നിന്നു പ്രദേശവാസികൾക്കു സംരക്ഷണം ഉറപ്പാക്കണമെന്നും കോട്ടുവള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എക്സ്. സെബാസ്റ്റ്യൻ പറഞ്ഞു. ആവശ്യം ഉന്നയിച്ചു കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയിട്ടുണ്ട്.