ടോവിനോ തോമസും കീർത്തി സുരേഷും കടുത്ത ‘വാശി’യിൽ
1 min read
അഭിഭാഷകരായ രണ്ടു വ്യക്തികളുടെ സൗഹൃദവും പ്രണയവും പിന്നീടുള്ള വൈവാഹിക ജീവിതത്തിനിടയിൽ അവരിലേക്കെത്തുന്ന ഒരു കേസ് സംബന്ധിച്ചു തുടങ്ങുന്ന വാശിയുടെ കഥയുമാണ് ഇപ്പോൾ പുറത്തിറങ്ങിയ വാശി എന്ന ചിത്രം പറയാൻ ശ്രമിക്കുന്നത്. ഗംഭീര മേക്കിങ് എന്നതിൽ കുറഞ്ഞൊന്നും പറയാനില്ലാത്ത ചിത്രമാണ് ‘വാശി’. ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ചേരുവകളാൽ തയ്യാറാക്കിയതാണ്.
ഇന്നത്തെ സമൂഹത്തിൽ ആരും ചർച്ച ചെയ്യാൻ പോലും മടിക്കുന്ന പുരുഷനെതിരെയുള്ള അടിച്ചമർത്താലുകളെ കുറിച്ചു സിനിമയുടെ ഒരു ഭാഗത്ത് പരാമർശിക്കാൻ കാണിച്ച സംവിധായകന്റെയും മറ്റു അണിയറ പ്രവർത്തകരുടെയും ചങ്കൂറ്റത്തെ സമ്മതിക്കാതെ വയ്യ. സിനിമ കണ്ടു തീരുന്നിടം വരെ നമ്മൾ രണ്ടു ഭാഗങ്ങളിലും ചിന്തിക്കുകയും രണ്ട് വ്യക്തികളുടെ ന്യായവും നീതിയും ഉൾമനസ്സിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും എന്നതാണ് മറ്റൊരു പ്രത്യേകത. പാട്ടുകളും, ക്യാമറയും കയ്യടി അർഹിക്കുന്നു. സിനിമയുടെ ഉള്ളടക്കം മുഷിപ്പ് നൽകാത്ത കഥയാൽ സമ്പന്നമായത് കൊണ്ട് തന്നെ ഇതെല്ലാവർക്കും മനസ് നിറക്കാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും.
ടോവിനോയുടെയും കീർത്തിയുടെയും ആദ്യത്തെ അഭിഭാഷക കഥാപാത്രങ്ങൾ അവർ മിഴിവുറ്റത്താക്കിയിട്ടുണ്ട്. അത് പോലെ തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്ന മറ്റൊരു കഥാപാത്രമാണ് അനു മോഹന്റേത്. ഈ ഇടെയായി മികച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം സിനിമയുടെ മുൻ നിരയിലേക്ക് എത്തുന്നുണ്ട്. ബൈജുവും, കൂടെ സപ്പോർട്ട് ആയിട്ട് നിന്ന് അഭിനയിച്ച മറ്റുള്ളവരും ഒരു കുറവും പറയാനില്ലാത്ത പോലെ അഭിനയിച്ചു വെച്ചിട്ടുണ്ട്. കയ്യടി നേടുന്നത് എന്തൊക്കെ പറഞ്ഞാലും സംവിധായകന് തന്നെയാണെന്ന് പ്രത്യേകം ഇനി പറയാനില്ല. പെട്ടെന്ന് പോയി അടുത്തുള്ള തിയേറ്ററിൽ നിന്നും ടിക്കറ്റ് എടുത്തു കണ്ടാൽ നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പ് പറയാൻ പറ്റുന്ന ചിത്രമാണ് വാശി.