June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

മഹാത്മാ അയ്യൻകാളി സ്മൃതി ദിനം – ജൂൺ 18

1 min read
അയ്യങ്കാളി കാരുകുന്ന്

നവോത്ഥാനം പറഞ്ഞും കേട്ടും പഴകിയ, പുതുമ നഷ്ടമായ വാക്കാണെങ്കിലും പുതു തലമുറക്ക് പുച്ഛിച്ചു തല്ലാൻ ഉതകുന്ന ഒരു വാക്കാണെങ്കിലും ചില ജീവിതങ്ങളെപ്പറ്റി പറയുമ്പോൾ നമ്മളറിയാതെത്തന്നെ ആവേശത്തിന്റെ തിരക്കൈയിലുയർന്നുപൊങ്ങും! 1863 ഓഗസ്റ്റ് 28-ന് തിരുവനന്തപുരത്തിന് അല്പം തെക്ക് വെങ്ങാന്നൂർ എന്ന ചെറിയ ഗ്രാമത്തിൽ അയ്യൻ-മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യൻ കാളിയുടെ ജീവിതം അങ്ങനെയൊരാവേശം നമുക്ക് തരുന്നുണ്ട്. കുട്ടിക്കാലംമുതൽ കണ്ടുപരിചയിച്ച ജാതീയമായ വിവേചനങ്ങൾ ആ മഹാമനുഷ്യന്റെ ചിന്താധാരകളെ ഉഴുതുമറിച്ചിരിക്കണം. സമത്വത്തെക്കുറിച്ച് സ്വപ്നം കാണാൻ അദ്ദേഹമെങ്ങനെയാവും ശീലിച്ചത്? തിരുവിതാംകൂറിന്റെയെന്നല്ല, കേരളത്തിന്റെതന്നെ അന്നത്തെ അവസ്ഥ നോക്കിയാൽ പുലയവിഭാഗത്തെ പൊതുവിൽ അടിമകളായി കണക്കാക്കിയിരുന്നു. ജാതീയതയുടെ കൊട്ടിയടയ്ക്കപ്പെട്ട ഭൂതത്താൻകോട്ടയ്ക്കുള്ളിൽ ഒരു ജനവിഭാഗം മൃഗതുല്യരായി മണ്ണിലും വിയർപ്പിലും ഇരുട്ടിലും ജനിച്ചുമരിച്ചുകൊണ്ടേയിരുന്നു. പ്രതികരിക്കുക എന്നൊരു പോംവഴിയുണ്ടെന്നുപോലുമറിയാതെ. അങ്ങനെയിരിക്കേയാണ് അയ്യങ്കാളി എന്ന മനുഷ്യൻ നിരന്തരസമരങ്ങളിലൂടെ നാവില്ലാതിരുന്നൊരു ജനതയെ നികൃഷ്ടമരണങ്ങളിൽനിന്ന് മോചിപ്പിച്ചുകൊണ്ടാണ് മഹാത്മാ അയ്യങ്കാളിയാവുന്നത്

ആയിരത്താണ്ടുകളായി സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ടു കിടന്നവരുടെ അവകാശപ്പോരാട്ടത്തിന് തിരിതെളിച്ച് കേരളത്തിൽ വിപ്ലവത്തിൻ്റെ തീജ്വാല പടർത്തിയ നവോത്ഥാന ചക്രവാളത്തിലെ പൊൻ സൂര്യൻ … അധസ്ഥിതരുടെ പടത്തലവൻ
യുഗപ്രഭാവനായ മഹാത്മാ അയ്യൻകാളിയുടെ ദീപ്തമായ സ്മരണകൾക്കു മുമ്പിൽ ഓർമ്മപ്പൂവുകൾ ….!

Advertisements

Leave a Reply