September 24, 2022

ALANGAD NEWS

ALANGAD VARTHAKAL

ശ്രേഷ്ഠ ഹിന്ദി പ്രചാരക അവാർഡ് കെ.എൻ. സുനിൽകുമാറിന്

1 min read

കേരള ഹിന്ദി പ്രചാരസഭ സംസ്ഥാനത്തെ ഹിന്ദി പ്രചാരകർക്കായി ഏർപ്പെടുത്തിയ സംസ്ഥാന ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള അവാർഡ് ആലങ്ങാട് സ്വദേശി കെ.എൻ. സുനിൽകുമാറിന്. ഈ മാസം 31ന് തിരുവനന്തപുരം എം.കെ. വേലായുധൻ നായർ സ്മാരക ഓഡിറ്റോറിയത്തിൽ നടത്തുന്ന ബിരുദദാന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ.ബി. മധു അറിയിച്ചു. 32 വർഷമായി ഹിന്ദി പ്രചാരകനും അധ്യാപകനുമാണ് സുനിൽകുമാർ. ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിന്‍റെ സ്ഥാപകനും പ്രഥമ പ്രധാന അധ്യാപകനുമായിരുന്നു. ഹിന്ദി ഭാഷയുടെ വ്യാപക പ്രചാരണത്തിന്​ ആലങ്ങാട് ഹിന്ദി ഭവൻ സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഇപ്പോൾ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്‍ററിൽ ഹിന്ദി അധ്യാപക പരിശീലകനാണ്.

ഇഷ്ട എഴുത്തുകാരനോടുള്ള അടങ്ങാത്ത ആരാധനയാണ് കെ എന്‍ സുനില്‍കുമാറിന് ആലങ്ങാട് ഹിന്ദി മഹാവിദ്യാലയത്തിലെ വിശാലമായ ഗ്രന്ഥശാലയെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. മകന്  പ്രേംചന്ദ് എന്ന പേര് നല്‍കിയും പ്രേംചന്ദിന്റെ മുഴുവന്‍ രചനകളുമടങ്ങിയ അമൂല്യശേഖരത്തിന് കാവലിരുന്നും പുസ്തകങ്ങളെ ഓമനിക്കുകയുമാണ് പ്രേംചന്ദ്ദിനത്തിലും സുനില്‍കുമാര്‍.

Advertisements

ആയിരങ്ങള്‍ക്കു രാഷ്ട്രഭാഷയില്‍ പ്രാവീണ്യം നേടിക്കൊടുത്ത ആലങ്ങാട് ഹിന്ദി മഹാവിദ്യാലയത്തിന്റെ സ്ഥാപകന്‍ കൂടിയാണ്കണ്ടനാട് പുത്തന്‍പഠത്തില്‍ സുനില്‍കുമാര്‍. പ്രേംചന്ദിന്റേതുള്‍പ്പെടെ ഹിന്ദിയിലെ അതുല്യമായ കൃതികളുടെ ശേഖരമുണ്ട് ഈ വിദ്യാലയ ലൈബ്രറിയില്‍. സുനില്‍കുമാറാണ് ഗ്രന്ഥശാല ഒരുക്കിയത്. സ്വാതന്ത്യ്രസമരസേനാനിയും അധ്യാപകനുമായ കെ പി അഗസ്റ്റിന്റെ സ്മാരകമായ ഗ്രന്ഥാലയത്തില്‍ 4500 പുസ്തകങ്ങളാണുള്ളത്. ഇതില്‍ പ്രേംചന്ദിന്റെ 250 ചെറുകഥകളും ഒരു ഡസനോളം നോവലുകളും ഉള്‍പ്പെടെ മുഴുവന്‍ രചനകളുമുണ്ട്. ആലുവ ബിആര്‍സി ഹിന്ദി പരിശീലകനായ സുനില്‍ പഠിച്ചതും പഠിപ്പിക്കുന്നതും ഈ രചനകളില്‍നിന്നാണ്. സ്വന്തം കൃതികളിലൂടെ ഇന്ത്യന്‍ ഗ്രാമീണതയുടെ ദുരിതജീവിതത്തിന്റെ നേര്‍ചിത്രം തുറന്നുകാട്ടിയ യാഥാര്‍ഥ്യവാദിയായ പ്രേംചന്ദിന്റെ രചനകള്‍ രാജ്യത്തിന്റെ ജീവചരിത്രക്കുറിപ്പുകളാണെന്നു സുനില്‍ പറയുന്നു.

ഹിന്ദി പ്രചാരകനായുള്ള യാത്രയ്ക്കിടെ ഇദ്ദേഹം വായിച്ചതും വാങ്ങിയതുമായ പുസ്തകങ്ങളാണ് ഗ്രന്ഥശാലയിലുള്ളത്. 1931 മുതലുള്ളവ ഇക്കൂട്ടത്തിലുണ്ട്. പഴയ തിരുവിതാംകൂര്‍ ഹിന്ദി പ്രചാരസഭയുടെ ആഴ്ചപതിപ്പായ രാഷ്ട്രവാണിയുടെ മുഴുവന്‍ പതിപ്പും അപൂര്‍വനിധിയായി കാത്തുസൂക്ഷിക്കുന്നു. സുനില്‍മാഷിന്റെ ഭാഷാസ്നേഹം കണ്ടറിഞ്ഞ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മുന്‍മേധാവിയും പണ്ഡിതനുമായ ഡോ. എന്‍ ഇ വിശ്വനാഥയ്യര്‍ പതിനായിരങ്ങള്‍ വിലയുള്ള അദ്ദേഹത്തിന്റെ സ്വകാര്യ പുസ്തകശേഖരം ഈ വായനശാലയ്ക്കു നല്‍കി. ആലുവ യുസി കോളജ് ഹിന്ദി മേധാവി പ്രൊഫ. ഡി ജോണ്‍സന്‍, ഡോ. എന്‍ രാമന്‍ എന്നിവരും പുസ്തകങ്ങള്‍ സംഭാവനചെയ്തു. ഇന്ന് ഗവേഷണവിദ്യാര്‍ഥികള്‍ക്കുപോലും പ്രയോജനകരമാണ് ഈ വായനശാല.

Advertisements
K . N . SUNIL KUMAR

ആലങ്ങാട് കെഇഎം ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് സുനില്‍മാഷില്‍ ഹിന്ദിപ്രേമം മുളച്ചത്. അധ്യാപകരായ കൊടുവഴങ്ങ ബാലകൃഷ്ണന്‍, കെ കെ അനിരുദ്ധന്‍ എന്നിവര്‍ വഴികാട്ടികളായി. തൃശൂര്‍ രാമവര്‍മപുരം ഗവ. ഹിന്ദി ടീച്ചേഴ്സ് ട്രെയ്നിങ് കോളജില്‍നിന്ന് പഠിച്ചിറങ്ങിയതുമുതല്‍ രാഷ്ട്രഭാഷയുടെ പ്രചാരണത്തിലായിരുന്നു. അഞ്ചു പുസ്തകങ്ങള്‍ രചിച്ചു. പ്രേംചന്ദിന്റെ രചനകള്‍ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തു പ്രസിദ്ധീകരിച്ചു. പി മധുസൂദനന്റേതടക്കം അനവധി കവിതകളും കഥകളുമെല്ലാം ഹിന്ദിയിലേക്കു തര്‍ജമചെയ്തു. ഇതരസംസ്ഥാനക്കുട്ടികള്‍ക്കായി സംഘടിപ്പിച്ച പുസ്തകശില്‍പ്പശാലയിലുള്‍പ്പെടെ ക്രിയാത്മകമായി പങ്കെടുത്തു. ബ്ളോക്ക് റിസോഴ്സ് സെന്ററിന്റെ മികച്ച ഹിന്ദി പ്രചാരകനുള്ള അവാര്‍ഡും ക്രിയാഗവേഷണത്തിന്എസ്എസ്എയുടെ പുരസ്കാരങ്ങളും  തേടിയെത്തി.

ഹിന്ദിപരിശീലകയായ ജയലക്ഷ്മിയാണ് ജീവിതസഖി. മകള്‍ ലക്ഷ്മിപ്രിയ മഹാരാജാസ് കോളേജില്‍ ബിഎ ഹിന്ദി വിദ്യാര്‍ഥിനിയാണ്. കോട്ടപ്പുറം കെഇഎം സ്കൂളില്‍ എട്ടാംക്ളാസ് വിദ്യാര്‍ഥിയാണ് മകന്‍ പ്രേംചന്ദ്. ഭാഷാപ്രചാരണത്തിനിടെ ഒട്ടേറെ നാടുകള്‍ ചുറ്റിയെങ്കിലും ഇതുവരെ ആരാധ്യസാഹിത്യകാരന്റെ ജന്മനാട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ കുടുംബത്തിന്റെ സങ്കടം. തിരക്കുകള്‍ ഒഴിയുന്ന നാള്‍ പ്രേംചന്ദിന്റെ ജന്മദേശമായ വാരാണസിയിലെ ലമഹിയിലേക്കുള്ള യാത്ര ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.