September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ആലങ്ങാട് ചെമ്പോല കളരി

1 min read

ആലങ്ങാട് നാട്ടുരാജ്യത്തെ യുവാക്കളെ മുറകൾ അഭ്യസിപ്പിക്കുവാൻ രാജാവ് ഏറനാടുനിന്നും കൊണ്ടുവന്നതാണ് പ്രസിദ്ധനായ ചെമ്പോല കാരണവരെ. ഇദ്ദേഹത്തിന് ആലങ്ങാട് കോട്ടയുടെ ഒരു വിളിപ്പാടകലെയായി കളരി പണിതു നൽകുകയും ഏലൂർ, ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര എന്നീ സ്ഥലങ്ങൾ കരം ഒഴിവാക്കി രാജാവ് ചെമ്പോലയിൽ എഴുതി കൊടുത്തതിനാൽ ഈ കുറുപ്പുമാരെ പിന്നീട് ചെമ്പോല കുറുപ്പ് എന്ന് അറിയപ്പെടാനും തുടങ്ങി.

    ഇവർ ആലങ്ങാട് കളരി കൂടാതെ എലൂരും കുന്നുകരയും കരുമാല്ലൂരും കളരി സ്ഥാപിച്ചു. ഏറനാടുനിന്നും ഇവർ വന്നപ്പോൾ ഇവരുടെ പരദേവതയോടൊപ്പം ഒരു വാളും ശൂലവും കൊണ്ടുവന്നിരുന്നു. വാൾ ആലങ്ങാടുള്ള ചെമ്പോല കളരിയിലും ശൂലം ഏലൂർ പാട്ടുപുരയ്ക്കലുള്ള കളരിയിലും പരദേവതകൾക്കോപ്പം പൂജിച്ചു ആരാധിച്ചു പോന്നു. ഈ ശൂലമാണ് ഇപ്പോൾ പാട്ടുപുരയ്‌ക്കൽ ക്ഷേത്രത്തിൽ ഉള്ളതെന്ന് വിശ്വസിച്ചു പോരുന്നു.

Advertisements

    ചെമ്പോല കുറുപ്പ് ആലങ്ങാട് തമ്പുരാനെ മറ്റാരും കാണാനും കേൾക്കാനും പാടില്ലാത്തതുമായ മന്ത്ര-തന്ത്രങ്ങൾ പഠിപ്പിച്ചിരുന്നത് വാസ്തുശില്പകലാരീതിയിൽ നിർമ്മിച്ചിരുന്ന മാളികയിലെ പഴയ നിലവറക്കുള്ളിൽ വെച്ചായിരുന്നു.

അയ്യപ്പസ്വാമി പന്തളം രാജാവിന്റെ നിർദ്ദേശപ്രകാരം അക്കാലത്തു അറിയപ്പെട്ടിരുന്ന കളരികളിൽ പ്രസിദ്ധമായ ആലങ്ങാട് കളരിയിൽ ആയുധ പരിശീലനത്തിനായി എത്തിച്ചേർന്നു. ആലങ്ങാട് തമ്പുരാന്റെ നിർദ്ദേശപ്രകാരം ചെമ്പോലക്കുറുപ്പ് അയ്യപ്പസ്വാമിയെ ‘കുഴികളരി’ പോലുള്ള അഭ്യാസമുറകൾ പഠിപ്പിച്ചു വിട്ടു. നല്ലൊരു യോദ്ധാവായി മാറിയ അയ്യപ്പസ്വാമി ചീരപ്പൻ ചിറയിലെ കളരിയിൽ പൂഴിക്കടകൻ മുറകൾ പഠിച്ചു.

Advertisements

    ഇന്നത്തെ കളരി കെട്ടിടത്തിൽ ഒറ്റ ശ്രീകോവിലിനുള്ളിൽ മൂന്നായി തിരിച്ചിട്ടു ഉപാസനാമൂർത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നു. നടുക്കളത്തിൽ ഭഗവതിയെയും ഇരുവശവുമായി യഥാക്രമം ഭൈരവന്മാരെയും ശാസ്താവിനേയും ഇടനാഴിയിൽ കാപ്പിരിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.

    ചെമ്പോലക്കളരിയുടെ തെക്കുപടിഞ്ഞാറായി നിൽക്കുന്ന അമ്മച്ചി പ്ലാവിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. പ്ലാവിന്റെ ഒന്നരയടി പൊക്കത്തിൽ കവരകൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള വിസ്തൃതമായ അറപോലുള്ള കുഴിഭാഗം കാണികൾക്ക് ഇന്നും അത്ഭുതമാണ്. പണ്ട് ഇത് ഒളിസ്ഥലമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. കളരിക്ക് സമീപം സർപ്പക്കാവും സർപ്പക്കുളവും ഉണ്ട്. പണ്ട് ഉണ്ടായിരുന്ന വനത്തിന്റെ അവശിഷ്ടമായി സർപ്പക്കാവ് നിലനിൽക്കുന്നു.

    ചെമ്പോല തറവാട്ടിൽ സന്തതി പരമ്പരകൾ ഇല്ലാതാകുമെന്ന് കണ്ടതിനാൽ പ്രശ്നവിധി പ്രകാരം ക്ഷേത്രം നിർമ്മിച്ച് മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചാരാധിക്കുവാനും ക്ഷേത്രത്തിൽ എട്ട് അഹസുകൾ കഴിയുമ്പോൾ കുട്ടികൾ ജനിക്കുമെന്നും കണ്ടു. ഇതിന് പ്രകാരം പരിഹാരകർമ്മങ്ങൾ എല്ലാം ചെയ്തതിനു ശേഷം സന്തതി പിറക്കുകയും ചെയ്തു. ചെമ്പൊരെ താമ്രപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രമെന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അപൂർവ്വ പ്രതിഷ്ഠകളിൽ ഒന്നാണ്. വിഗ്രഹത്തിൽ കാണുന്ന പുഞ്ചിരി പ്രത്യേകതയാകർഷിക്കുന്ന ഒന്നാണ്.

    കളരികെട്ടിടത്തിൽ പണ്ടത്തെ രാജമുദ്ര പതിച്ചിട്ടുണ്ട്. അതുപോലെ പ്രധാന വാതിലിന് മുകളിലായി മരത്തിൽ ശ്രീരാമന്റെയും ഹനുമാന്റെയും രൂപങ്ങൾ കൊത്തിയിരിക്കുന്നു.